തൊടുപുഴ: ഇടുക്കി റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിലെ ബാൻഡ് ഡിസ്പ്ലേ മത്സരത്തിൽ വിധി നിർണയത്തിൽ അപാകത ആരോപിച്ച് സംഘർഷവും പ്രതിഷേധവും. എച്ച്എസ് വിഭാഗം ബാൻഡ് ഡിസ്പ്ലേ മത്സരത്തിലെ വിധി നിർണയമാണ് സംഘർഷത്തിൽ കലാശിച്ചത്.
മത്സരഫലം വന്നതിനു പിന്നാലെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. തർക്കവും ബഹളവും ശക്തമായതോടെ വിദ്യാർഥിനികൾ ജഡ്ജസിന്റെ വാഹനം തടഞ്ഞുവച്ചു. പിന്നീട് സംഘാടകർ ഇടപെട്ടിട്ടും ജഡ്ജസിനെ വിദ്യാർഥിനികൾ വിട്ടില്ല.
ഇതോടെ പോലീസ് രംഗത്തെത്തി. എന്നിട്ടും പ്രതിഷേധം ശമിക്കാതെ വന്നതോടെ ജഡ്ജസിനെ പോലീസ് സ്റ്റാഫ് റൂമിലേക്ക് മാറ്റി. പിന്നീട് സംഘാടകരും സ്കൂൾ അധികൃതരും വിദ്യാർഥികളുമായി സംസാരിച്ച് അപ്പീലിന് പോകാമെന്ന ധാരണയിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.